Movies
നടൻ ആസിഫ് അലിയുടെ ജന്മദിനത്തിൽ ഭാര്യ സമയുടെ മാതാവ് മുംതാസ് ആസാദ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. മകനാകണമെങ്കിൽ മകനായി പിറക്കണമെന്നില്ലെന്നും തന്റെ മുഖമൊന്ന് വാടിയാൽ കരുതലോടെ ചേർത്തുപിടിക്കുന്നവനാണ് ആസിഫ് എന്നുമാണ് മുംതാസ് എഴുതിയിരിക്കുന്നത്. ആസിഫിനെ ചേർത്തുപിടിച്ചുള്ള ചിത്രത്തോടെയാണ് ഈ കുറിപ്പ്.
'മകനാകണമെങ്കിൽ മകനായി പിറക്കണമെന്നില്ല. എന്നും കൂടെ വേണമെന്നില്ല. കാണുന്ന നേരം മുഖമൊന്ന് വാടിയാൽ കരുതലോടെ ചേർത്തുപിടിക്കുന്ന മറ്റൊന്നിനും പകരമാകാത്ത സ്നേഹമേ..ആയിരം നക്ഷത്രങ്ങൾ വിണ്ണി മിന്നി തെളിയുമ്പോഴും എന്നിലെ മകനായി മണ്ണിൽ പിറവികൊണ്ട താരമേ..വരും നാളുകൾ ആരോഗ്യം, സമാധാനം, സന്തോഷം, ജീവിതവിജയം എന്നും നിറഞ്ഞുനിൽക്കാൻ പ്രാർഥനകളോടെ ഉമ്മകളോടെ നേരുന്നു ജന്മദിനാശംസകൾ.' മുംതാസ് ആസാദ് കുറിച്ചു.
നിരവധി പേരാണ് ഈ പുത്രവാത്സല്യത്തിന് ആശംസകളും സ്നേഹവുമായി എത്തിയത്. നടി അപർണ ബാലമുരളിയും ചിത്രത്തിൽ സ്നേഹം പങ്കുവച്ചിട്ടുണ്ട്. എഴുത്തുകാരി കൂടിയാണ് മുംതാസ്. പ്രണയം നമ്മോട് പലതും പറയും എന്ന മുംതാസിന്റെ പുസ്തകം ഇത്തവണത്തെ കേരള നിയമസഭ അന്തരാഷ്ട്ര പുസ്തോകത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു.
2013 ലായിരുന്നു ആസിഫ് അലി കണ്ണൂർ സ്വദേശിയായ സമ മസ്രിനെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടു മക്കളാണുള്ളത്.
Movies
ആസിഫ് അലി നായകനായ സർക്കീട്ടും രാജ്യാന്തര ചലച്ചിത്ര മേളയിലേയ്ക്ക്. ഗോവയിൽ നടക്കുന്ന മേളയുടെ (ഐഎഫ്എഫ്ഐ) മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. മത്സര വിഭാഗത്തിലെ 15 സിനിമകളിൽ സർക്കീട്ട് ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സിനിമകളാണുള്ളത്.
തമിഴ് സിനിമ അമരൻ, മറാഠി സിനിമ ഗൊന്തൽ എന്നിവയും മത്സര വിഭാഗത്തിലുണ്ട്. കെ.വി. താമർ രചനയും സംവിധാനവും നിർവഹിച്ച സർക്കീട്ടിൽ ദിവ്യ പ്രഭ, ദീപക് പറമ്പോൽ, ഓർഹാൻ ഹൈദർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഇന്ത്യൻ നവാഗത സംവിധായകരുടെ സിനിമകൾക്കുള്ള പുരസ്കാരത്തിനു മത്സരിക്കുന്ന ഏക മലയാള ചിത്രം അജയന്റെ രണ്ടാം മോഷണമാണ് (എആർഎം).
ഇന്ത്യൻ പനോരമയിൽ ഇക്കുറി മൂന്ന് മലയാളം സിനിമകൾ ഇടം പിടിച്ചു. സർക്കീട്ട്, എആർഎം എന്നീ സിനിമകളും മുഖ്യധാരാ സിനിമാ വിഭാഗത്തിൽ തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയും ഉൾപ്പെട്ടിട്ടുണ്ട്.
20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇക്കുറി 81 രാജ്യങ്ങളിൽനിന്നുള്ള 240 സിനിമകളാണു പ്രദർശിപ്പിക്കുന്നത്.
ബ്രസീലിയൻ സിനിമ ദ് ബ്ലൂ ട്രെയ്ൽ ആണ് ഉദ്ഘാടന ചിത്രം. ബോളിവുഡ് സംവിധായകൻ രാകേഷ് ഓംപ്രകാശ് മെഹ്റ അധ്യക്ഷനായ ജൂറിയാണ് സുവർണ മയൂരം ഉൾപ്പെടെയുള്ള അവാർഡുകൾ നിർണയിക്കുക. ഫോക്കസ് കൺട്രി ജപ്പാനാണ്. ഈ വർഷം മുതൽ ഓപ്പണിംഗ് പരേഡും മേളയ്ക്കു മുന്നോടിയായി ഗോവയിൽ അരങ്ങേറും.
Movies
മികച്ച നടനുള്ള പരിഗണനയിൽ മമ്മൂട്ടിയുടെ പേരിനൊപ്പം ഇഞ്ചോടിഞ്ച് മത്സരിച്ചാണ് ആസിഫ് അലിക്ക് ഒടുവിൽ പ്രത്യേക ജൂറി പരാമർശത്തിലേയ്ക്ക് മാറിപ്പോകേണ്ടി വന്നത്. വീട്ടുകാരുമൊത്ത് ലൈവായിട്ടാണ് താരം പുരസ്കാര പ്രഖ്യാപനം കണ്ടത്. ഒടുവിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചപ്പോൾ സന്തോഷത്താൽ കണ്ണുനിറഞ്ഞ ആസിഫിനെ മലയാളികൾ കണ്ടു.
ലെവൽ ക്രോസ്, കിഷ്കിന്ധാകാണ്ഡം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശ(സ്പെഷൽ ജൂറി മെൻഷൻ)മാണ് താരത്തിന് ലഭിച്ചത്. ആസിഫിന് ആദ്യമായി ലഭിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണിത്.
മമ്മൂട്ടിയോടൊപ്പം മികച്ച നടനുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടിയതിലുള്ള വലിയ സന്തോഷം ആസിഫ് അലി പങ്കുവച്ചു. താൻ ഏറെ ആഗ്രഹിച്ച അംഗീകാരമാണിതെന്നും, ഇത് സ്വപ്നം കാണുക മാത്രമല്ല, അതിനായി ശ്രമിച്ചാൽ നേടാനും കഴിയുമെന്നതിന്റെ തെളിവാണ് ഈ അവാർഡ് എന്നും ആസിഫ് അലി പ്രതികരിച്ചു.
അർഫാസ് അയൂബ് സംവിധാനം ചെയ്ത ചിത്രം ലെവൽ ക്രോസിൽ ആസിഫ് അലിയുടെ പ്രകടനത്തെക്കുറിച്ച് എടുത്തു പറയാതിരിക്കാൻ ആകില്ല. ഒപ്പം കിഷ്കിന്ധകാണ്ഡത്തിലും രേഖാചിത്രത്തിലും ആസിഫ് തന്റേതായ അഭിനയപാടവം കാഴ്ച വച്ചു.
ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച നടന് വിജയങ്ങളും പരാജയങ്ങളും ഒരേപോലെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. 2009-ൽ തുടങ്ങിയ യാത്ര 15 വർഷങ്ങൾക്കിപ്പുറം സംസ്ഥാന അവാർഡിലേയ്ക്ക് എത്തിച്ചു.
ചില സിനിമകൾ പ്രതീക്ഷിച്ച വിജയംനേടാതെ വന്നപ്പോൾ ആസിഫ് അലിയുടെ കരിയർ ഇടിഞ്ഞു എന്ന് ചില വിമർശകർ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. പക്ഷേ അവയ്ക്കുള്ള ഉത്തരമായിരുന്നു ആസിഫ് അലിക്ക് 2024 നൽകിയത്.
ഇടുക്കി തൊടുപുഴ സ്വദേശിയായ ആസിഫ് ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ഋതുവിലൂടെ മലയാളസിനിമയുടെ വെളിച്ചത്തിലേയ്ക്ക് കാലെടുത്തുവച്ചെങ്കിലും ആസിഫ് ശ്രദ്ധിക്കപ്പെട്ടത് സത്യൻ അന്തിക്കാടിന്റെ കഥ തുടരും എന്ന ചിത്രത്തിലൂടെയാണ്.
മൂന്നാമത്തെ ചിത്രം സിബി മലയിൽ സംവിധാനം ചെയ്ത അപൂർവരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത മറ്റൊരു സിനിമയായിരുന്നു ഇത്. ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിൻ എന്നീ സിനിമകളിൽ പിന്നീട് നായകനായെങ്കിലും ട്രാഫിക്, സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രങ്ങളിലൂടെ ആസിഫ് മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധേയനായി. തുടർന്ന് നിരവധി ചിത്രങ്ങൾ ആസിഫിന്റേതായി പുറത്തിറങ്ങി.
വിജയപരാജയങ്ങൾ തിരിച്ചറിഞ്ഞു. എല്ലാത്തിനുമൊടുവിൽ തന്റെ സ്വതസിദ്ധമായ ചിരിയിൽ ആസിഫ് എല്ലാവരുടെയും മനസ് കീഴടക്കാൻ പാകത്തിന് വളർന്നു. ആസിഫിന്റെ ചിരിക്ക് പോലും വലിയ അർഥങ്ങളുണ്ടെന്ന് കാലം തെളിയിച്ച സന്ദർഭങ്ങളുണ്ടായി. ഇപ്പോഴിതാ തന്റെ പേരിലേയ്ക്ക് ഒരു പുരസ്കാരം എഴുതിചേർക്കപ്പെട്ടപ്പോൾ അയാൾ നിറഞ്ഞു ചിരിക്കുകയാണ്.
Movies
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ശനിയാഴ്ച പ്രഖ്യാപിച്ചേയ്ക്കും. രാവിലെ 11-ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മികച്ച നടനുള്ള അന്തിമ പട്ടികയിൽ മമ്മൂട്ടിയും ആസിഫ് അലിയുമാണ് നേർക്കുനേർ മത്സരിക്കുന്നത്.
മമ്മൂട്ടിയുടെ ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമാണ് മത്സരരംഗത്തുള്ളത്. ലെവല്‍ ക്രോസ്, കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ചിത്രങ്ങളിലാണ് ആസിഫ് അലിയുടെ മത്സരം.
മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, വിജയരാഘവൻ, ടൊവീനോ തോമസ് എന്നിവരും നടൻമാർക്കുള്ള നോമിനേഷനിൽ ഉണ്ടായിരുന്നു.
പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് നടന് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിലുള്ളത്.
കനി കുസൃതി, അനശ്വരാ രാജന്, ജ്യോതിര്‍മയി തുടങ്ങിയവര്‍ മികച്ചനടിക്കായി മത്സരിക്കാനുണ്ട്.
പ്രാഥമിക ജൂറി രണ്ടുസമിതികളായി തിരിഞ്ഞാണ് ചിത്രങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പ് നടത്തുക. ആദ്യമായി ഒരു ട്രാന്സ്പേഴ്സണ് ഇതിലുണ്ട്, ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക. സംവിധായകരായ രഞ്ജന്പ്രമോദ്, ജിബുജേക്കബ് എന്നിവര്‍ പ്രാഥമിക ജൂറിയിലെ രണ്ട് സബ് കമ്മിറ്റികളിലും ചെയര്പേഴ്സണ്മാര് ആയിരിക്കും. അന്തിമ വിധിനിര്‍ണയസമിതിയിലും ഇവര്‍ അംഗങ്ങളാണ്.
പ്രകാശ്രാജ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പിന്നണി ഗായിക ഗായത്രി അശോകന്, സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് അംഗങ്ങള്‍.
നവാഗത സംവിധായകനായി മത്സരിക്കുന്നവരുടെ കൂടെ മോഹന്‍ലാലും ജോജുവും ഉണ്ട് എന്നതും പ്രത്യേകതയാണ്. ബറോസാണ് മോഹൻലാൽ സംവിധാനം ചെയ്ത ചിത്രം. ജോജു ജോർജിന്റെ ചിത്രം പണി.
Movies
ആസിഫ് അലി നായകനാകുന്ന ‘ടിക്കി ടാക്ക’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ആസിഫ് അലിക്കൊപ്പം നസ്ലിൻ, ലുക്മാൻ അവറാൻ, വാമിഖ ഗബ്രി, സഞ്ജന നടരാജ് ഒന്നിക്കുന്ന ചിത്രം ഹൈ ഒക്ടേവ് ആക്ഷൻ ത്രില്ലറാകും എന്ന സൂചനയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ നൽകുന്നത്.
ബോളിവുഡിലെ വമ്പൻ നിർമാതാക്കളായ ടി സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വെൽമെയ്ഡ് പ്രൊഡക്ഷൻസും അഡ്വഞ്ചർ കമ്പനിയുമാണ് സഹനിർമാതാക്കൾ. രോഹിത് വി.എസ്. സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് കെജിഎഫ് പോലുള്ള ബ്രഹ്മാണ്ഡചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബസ്രൂർ ആണ്.
അതേ സമയം പുറത്ത് വിടാത്ത ഒട്ടേറെ സർപ്രൈസ് താരങ്ങളും സിനിമയിൽ ഉള്ളതായി റിപോർട്ടുകൾ ഉണ്ട്. ആക്ഷന്‍ പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ദ് റെയ്ഡ് റിഡെംപ്ഷൻ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.
ഛായാഗ്രഹണം - സോണി സെബാൻ, തിരക്കഥ, സംഭാഷണം - നിയോഗ്, കഥ - പാക്കയരാജ് , എഡിറ്റിംഗ് - ചമൻ ചാക്കോ, കോ ഡയറക്റ്റർ - ബാസിദ് അൽ ഗസാലി, ഓഡിയോഗ്രഫി - ഡോൺ വിൻസന്റ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അഭിഷേക് ഗണേഷ് ആർ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് എം. താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഹരീഷ് തെക്കേപ്പാട്ട്, കോസ്റ്റ്യൂം ഡിസൈനർ - ജിഷാദ് ഷംസുദ്ധീൻ, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജയ് പടിയൂർ, മേക്കപ്പ് ആർ.ജി. വയനാടൻ, സ്റ്റീൽസ് ജാൻ ജോസഫ് ജോർജ്, പബ്ലിസിറ്റി ഡിസൈൻ - ടെൻ പോയിന്റ്, പിആർഓ - റോജിൻ കെ. റോയ്.
Movies
ജീത്തു ജോസഫിന്റെ പുത്തന്‍പടം മിറാഷിനെപ്പറ്റി വെറുതേ, ത്രില്ലറെന്നു പറഞ്ഞാല്‍ പോരാ, എഡ്ജ് ഓഫ് ദ സീറ്റ് ജീത്തു ജോസഫ് ത്രില്ലര്‍ എന്നു തന്നെ പറയണം. തീര്‍ച്ചയായും ആ വിശേഷണത്തിന് തീ പിടിപ്പിക്കുന്ന കഥാസഞ്ചാരമാണ് രണ്ടാം പകുതിയിലും ക്ലൈമാക്സിനോട് അടുത്ത 15 മിനിറ്റുകളിലും.
ഒരു സാധാരണ മാന്‍ മിസിംഗ് കേസിനെ ചുറ്റിപ്പറ്റിയുള്ള ത്രില്ലിംഗ് അന്വേഷണമെന്നു തുടക്കത്തില്‍ തോന്നുമെങ്കിലും സംഭവബഹുലവും അനുനിമിഷം ട്വിസ്റ്റുകള്‍ കൊണ്ടും സസ്പെന്സുകള് കൊണ്ടും സമ്പന്നവുമാണ് മിറാഷിന്റെ കഥാഗതി.
കഥയിലെയും കഥപറച്ചിലിലെയും പുതുമകളാണ് മിറാഷിനെ രസാവഹമായ എന്‍ഗേജിംഗ് ത്രില്ലറാക്കുന്നത്. രണ്ടര മണിക്കൂറില്‍ നിറയെ ട്വിസ്റ്റുകളും സസ്പെന്സുകളുമുള്ള ജീത്തു ജോസഫ് ത്രില്ലര്‍ സ്വഭാവം തന്നെ മിറാഷിനും.
Movies
ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന ജീത്തു ജോസഫ് ത്രില്ലര്‍, "മിറാഷ്’ തിയറ്ററുകളില്‍. ഇത് ഇമോഷണല്‍ ത്രില്ലര്‍ അല്ലെന്നും ഇവന്റ്ഫുള്‍ ത്രില്ലറാണെന്നും സംവിധായകന് പറയുന്നു. "ഇതില്‍ ഇമോഷനുകളെക്കാളും മുകളില്‍ നില്‍ക്കുന്നത് കുറച്ചു സംഭവവികാസങ്ങളാണ്.
ഇതിലെ ഇമോഷനുകള്‍ വേറൊരു രീതിയിലാവും ആളുകള്‍ക്കു ഫീല്‍ ചെയ്യുക. അവിടെയാണ് ഇതിന്റെ വ്യത്യസ്തത. പക്ഷേ, സാധാരണ ത്രില്ലറുകളിലെ ചില സമാനതകള്‍ ഇതിലുമുണ്ടാവാം’ ജീത്തു ജോസഫ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
മിറാഷിലേക്ക് എത്തിയത്..?
ഇതു ഹിന്ദിയില്‍ സിനിമയാക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പു വന്ന സ്ക്രിപ്റ്റാണ്. അതില്‍ സ്ത്രീകേന്ദ്രീകൃതം എന്നു പറയാവുന്ന കഥാപാത്രമുള്ളതിനാല് അവിടെ പല നായകന്മാര്ക്കും ചെറിയ താത്പര്യക്കുറവുണ്ടായി.
നാലഞ്ചു വര്‍ഷം ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ ഞാന്‍ ആസിഫിനോടു ചോദിച്ചു. തന്റേത് അത്യാവശ്യം പെര്‍ഫോം ചെയ്യാനുള്ള വേഷമാണെങ്കില്‍ ഓകെ എന്ന് ആസിഫ്. അപര്‍ണ ആര്. താരാക്കടിന്റെ കഥയ്ക്ക് ശ്രീനിവാസ് അബ്രോളിന്റെ ഹിന്ദി തിരക്കഥ. പിന്നീടു ഞങ്ങള്‍ ഒന്നിച്ചിരുന്നു തിരക്കഥയില്‍ വര്‍ക്ക് ചെയ്ത് മലയാളത്തിലേക്കു മാറ്റി.
മിറാഷ് എന്ന പേരിനു പിന്നില്‍..?
Movies
ആസിഫ് അലി, അപർണ ബാലമുരളി, ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.
സെവൻ വൺ സെവൻ പ്രൊഡക്ഷൻസ് ഓഫ് എ ബെഡ് ടൈം സ്റ്റോറീസുമായി സഹകരിച്ച് നാഥ് സ്റ്റുഡിയോസ്, ഇ ഫോർ എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവഹിക്കുന്നു.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ മാറ്റം നല്ലതിനെന്ന് നടൻ ആസിഫ് അലി. വനിതകൾ തലപ്പത്തേക്ക് വരണമെന്നത് തനിക്ക് നേരത്തെ തന്നെയുള്ള അഭിപ്രായമാണ്. പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുറഞ്ഞ കാലയളവിൽ ചിലർ സംഘടനയിൽ മാറി നിന്നിരുന്നു. ‘അമ്മ’ എന്നത് ഒരു കുടുംബമാണ്. ആ കുടുംബത്തിൽ നിന്ന് ആർക്കും വിട്ടുനിൽക്കാനാവില്ല. ആ സംഘടന അതിലെ അംഗങ്ങൾക്ക് വേണ്ടി ചെയ്യുന്നത് അത്രയും നല്ല കാര്യങ്ങളാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ കൊണ്ടോ ഒരു സമയത്തുണ്ടായ വിഷമം കൊണ്ടോ ഒക്കെ മാറി നിന്നവർ ഉണ്ടാകാം. അപ്പോൾ എല്ലാവരെയും തിരിച്ച് കൊണ്ടുവരണമെന്നും ആസിഫ് അലി പറഞ്ഞു.
ഇത്തവണത്തെ പ്രസിഡന്റും കമ്മിറ്റിയും അംഗങ്ങളുമെല്ലാം എല്ലാവർക്കും വളരെ പ്രിയപ്പെട്ടവരാണ്. തീർച്ചയായും പഴയ പ്രതാപത്തിലേക്കും സ്നേഹത്തിലേക്കുമൊക്കെ ആ കുടുംബം തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട് : കേരളത്തില്‍ പിടിമുറുക്കുന്ന ലഹരിയുടെ വലയത്തില്‍നിന്ന് യുവതലമുറയെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ അഞ്ചാം ഘട്ട പരിപാടികള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഡി പോള്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ ഡി സ്റ്റാര്‍ട്ട് ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോളജിന്റെ നേതൃത്വത്തില്‍ ഒരുവര്‍ഷം നീളുന്ന വിപുലമായ ലഹരിവിരുദ്ധ കാമ്പയിന് ആരംഭിച്ചു. യുവതലമുറയുടെ പ്രിയതാരം ആസിഫ് അലി കാമ്പയിന്റെ ഗുഡ്വില് അംബാസഡറാകും.
ഡി പോള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ മംഗലത്ത് ഡയറക്ടറായും പ്രശസ്ത ചലച്ചിത്ര-പരസ്യചിത്ര സംവിധായകന് സനില്‍ കളത്തില്‍ ക്രിയേറ്റീവ് പ്രോജക്ട് ഡയറക്ടറായും കാമ്പയിനിന് നേതൃത്വം നല്‍കും. പ്രമുഖ മാനേജ്മെന്റ് വിദഗ്ധന്‍ ടോമി ജോസഫാണ് പ്രോജക്ട് കണ്‍സള്‍ട്ടന്റ്. കാമ്പസിന്റെ പശ്ചാത്തലത്തില്‍ ആസിഫ് അലി പ്രധാന കഥാപാത്രമായ ലഹരിവിരുദ്ധ പരസ്യചിത്രം കേരളത്തിലെ എല്ലാ കാമ്പസുകളിലും ഒരേ ദിവസം പ്രദര്‍ശിപ്പിക്കും. ഇതിനൊപ്പം ലഹരിക്കെതിരേ ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ‘ഒപ്പുണ്ട്, ഒപ്പമുണ്ട്’ എന്ന പേരില്‍ കേരളത്തിലെ ഏറ്റവും വലിയ ഒപ്പുശേഖരണ പരിപാടിക്കും തുടക്കം കുറിക്കും.
യുവജനങ്ങള്‍ക്ക് ലഹരിയുടെ വിപത്തുകള്‍ സ്വയം മനസിലാക്കാന്‍ സഹായിക്കുന്നതിനായി മ്യൂസിക് ബാന്‍ഡ് മത്സരം, ഫ്ളാഷ് മോബ് മത്സരം, റീല്‍സ് മത്സരം, ഗ്രാഫിറ്റി വാള് കോമ്പറ്റീഷന് തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. ലഹരി വിമുക്ത ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും റോഡ് ഷോ ഉണ്ടാകും. ഈ റോഡ് ഷോയുടെ ഭാഗമായി, ‘ഒപ്പുണ്ട്, ഒപ്പമുണ്ട്’ കാമ്പയിന്റെ ഭാഗമാകാന്‍ ഡിജിറ്റല്‍ വാളില്‍ ഒപ്പ് രേഖപ്പെടുത്താനുള്ള സൗകര്യവും ഒരുക്കും. ഡി സ്റ്റാര്‍ട്ട് ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോണി മംഗലത്ത്, ക്രിയേറ്റീവ് പ്രോജക്ട് ഡയറക്ടര്‍ സനില്‍ കളത്തില്‍, പ്രോജക്ട് കണ്‍സള്‍ട്ടന്റ് ജിമ്മി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.